Thursday, June 16, 2011

രതി നിര്‍വേദം

മലപ്പുറത്തെ നിറഞ്ഞു കവിഞ്ഞ ഒരു സെവന്‍സ് ഫുട്ബോള്‍ ഗ്യാലറിയില്‍ ഇരിക്കുന്ന അനുഭവ മായിരുന്നു ഇന്ന് രതി നിര്‍വേദം കാണാന്‍ കോഴിക്കോട് കൈരളിയില്‍ ഇരിക്കുമ്പോള്‍ .കളി തുടങ്ങി പത്തു മിനിട്ട് 
കഴിയുമ്പോള്‍ ഇറങ്ങുന്ന ഐ എം വിജയനെയും ജോ പോള്‍ അഞ്ചേരിയേയുമൊക്കെ കാണുമ്പോള്‍ ഉള്ള ആരവമായിരുന്നു ശ്വേതയെ കാണിക്കുമ്പോള്‍ ,പപ്പുവിന്റെ ചിന്തകള്‍ പായുമ്പോള്‍ പന്തുമായി ഗോള്‍ പോസ്റ്റിലേക്ക് മുന്നേറുന്ന കളിക്കാരന് കിട്ടുന്ന പ്രോത്സാഹനം ,ഉച്ച മയക്കത്തില്‍ കട്ടിലില്‍ കിടക്കുന്ന രതി ചേച്ചിയുടെ അടുത്തേക്ക് 
പപ്പു ചെല്ലുമ്പോള്‍ ഒരു പെനാല്‍റ്റി കിക്കെടുക്കുമ്പോഴുണ്ടാകുന്ന ആകാംക്ഷയും ആവേശവും.32 വര്‍ഷങ്ങക്കുശേഷം മാറ്റമില്ലാത്ത തിരക്കഥയില്‍ സാങ്കേതികമായ മികവുകളോടെ രതി നിര്‍വേദം എത്തുമ്പോള്‍ കാണികളുടെ കാഴ്ച്ച പാടുകളിലെ വൈവിധ്യം വളരെ ശ്രദ്ധേയമാണ് .ആര്‍ത്തു വിളിക്കുന്നവരെയും  ക്യാമറ കണ്ണുകളെ ഭയന്ന് മുഖം മറച്ചു തിയേറ്ററില്‍ നിന്നിറങ്ങി പോകുന്നവരെയും  "അമ്മെ ഞാന്‍ സിനിമ കണ്ടോടിരിക്കാ...രതിനിര്‍വേദം വരാന്‍ കുറച്ചു വൈകും ''എന്ന് ഫോണില്‍ പറയുന്നവരെയും ഇന്ന് തിയേറ്ററില്‍ കണ്ടു.എങ്കിലും 80 ശതമാനം പേരും ഈ 3 ജി കാലത്ത് ഷക്കീല യുഗത്തിന്റെ ഓര്‍മകളില്‍ നനഞ്ഞു മഴയും കൊണ്ടെത്തിയതാനെന്നതു എന്ത് കൊണ്ടോ ഒരു അത്ഭുതമാകുന്നില്ല .

Wednesday, February 23, 2011

ശത്രുക്കള്‍ മിത്രങ്ങള്‍

രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍   കറ കളഞ്ഞ ശത്രുക്കള്‍ ഇല്ലാത്തതായി വരികയാണ് , മച്ചാ നമ്മളെ  ലാവ്‌ലിന്‍ ഒന്ന് ...ഐസ് ക്രീമിന്റെ കാര്യം അത് നമ്മള് ഏററു വൈന്നേരം  ഷാപ്പില്‍ കാണാം . ഇനി വൈന്നേരം കാണുമ്പോ വാക്ക് മാറിയാ വിധം മാറും.  
ഒന്നാലോചിച്ചാല്‍ ചില ശത്രുക്കള്‍ സമൂഹത്തിന്റെ അനിവാര്യതയല്ലേ ,വയസ്സ് കാലത്ത് ആ ബാലകൃഷ്ണ പിള്ളയെ  ജയിലെക്കയിച്ച്ചിട്ടെന്തിനു എന്ന്നു സുപ്രീം കോടതിയിലപ്പീലിനു പോകുമ്പോ എന്തിന്റെ പേരിലായാലും വി എസും കൂടി ചിന്തിച്ചിരുന്നെങ്കില്‍ ഒരു കേസിന് തീര്‍പ്പാകാന്‍ പത്തന്‍പത് വര്‍ഷമെടുക്കുന്ന നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്ന യുവ അഴിമതിക്കാര്‍ക്ക് അതൊരു ചെറിയ ഉന്മേഷം പകര്‍ന്നെനെ , ഇനി വയസ്സാം കാലത്ത് ജയിലീപ്പോയി കിടക്കാന്‍ വയ്യ എന്ന് കരുതി ചിലരെങ്കിലും നേര്‍വഴിക്കാകാന്‍ ചെറിയൊരു സാധ്യത ഈ ജയില്‍ യാത്ര നല്‍കുന്നില്ലേ , മാത്രമല്ല ആ സംഭവം  കൊണ്ട് കെ .എം മാണിയുടെ കൈകള്‍ അത്ര പരിശുദ്ധമല്ല എന്ന് പിള്ള തന്നെ എഴുതിയില്ലേ ,  കുഞ്ഞൂഞ്ഞേ ചെറിയൊരു മരുന്ന് ഞമ്മളെടുത്തൂണ്ട് എന്ന് ടി എച്  മുസ്തഫ ഇടയിലൊന്ന് ഒര്മിപ്പിച്ച്ചില്ലേ.. എന്തിനു ഒറ്റ യു ഡി എഫ്  യോഗം കഴിഞ്ഞപ്പോഴേക്കും വി എസിനും മകനും ചന്ദന കടത്തിലും ലോട്ടറി കച്ചവടത്തിലും എന്തൊക്കെയോ ഒരു കള്ള 
കളിയുന്ടെന്നു
മനസ്സിലാക്കാന്‍  കഴിയുന്ന വിധത്തിലേക്ക് യു ഡി എഫ് കാരുടെ   കുറ്റാന്വേഷണ ബുദ്ധി ഉയര്‍ന്നില്ലേ .

ഐസ്ക്രീമും,ഇടമലയാറും, ജഡ്ജിയും കോഴയുമൊക്കെ പൊങ്ങി വന്നു മൊത്തത്തില്‍ സീന്‍ അലമ്പായി ,ഇതിന്റെയൊക്കെ ഇടയില്‍ മാണിസാര്‍ മീന്‍ പിടിക്കാന്‍ നോക്കിയതും കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാക്കി
(മീന്‍ ഏത്,ആര്‍ക്കു എന്നൊക്കെ മാണിസാറിന് മാത്രമറിയാവുന്ന കാര്യങ്ങള്‍ )
 5  വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിന്റെ ലഡുവും ജിലേബിയും വെള്ളത്തിലാകുമോ  എന്നൊരു ഭയം വന്നപ്പോ മാത്രമാണ്   യു ഡി എഫ് നു  വി എസ് അച്ചുതാനന്ദന്റെ മകന്‍ അങ്ങേരെക്കൊണ്ട് അനധികൃതമായി പലതും ചെയ്യിച്ചു എന്നാ കണ്ടുപിടുത്തം നടത്താനായത് .ഒരു നാല് കൊല്ലം മുന്‍പ്  ബാലകൃഷ്ണപിള്ള ജയിലില്‍ ആകാതിരുന്നതും റൌഫ് അളിയനോട് തെറ്റി പത്രസമ്മേളനം നടത്താതിരുന്നതും  വി എസ് അച്ചുതാനന്ദന്റെ ഭാഗ്യം ,അല്ലായിരുന്നകില്‍ ഒരു പക്ഷെ പിണറായിയുമായി വേണ്ടത്ര മല്‍പ്പിടുത്തം നടത്താനും തോമസ്‌ ഐസക്കിനെ ഇടക്കിടക്കിങ്ങനെ തോന്ടിക്കളിക്കാനും മുഖ്യമന്ത്രി കസേരയില്‍ അങ്ങനെ  നെഞ്ചും വിരിച്ച്ചിരിക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല .
30 വര്ഷം മുന്‍പ് കോടിയേരിയുടെ ഭാര്യ വ്യാജ സര്‍ടിഫിക്കറ്റിലാണ് ജോലി നേടിയതെന്ന് ജേക്കബ്ബിനു ബോധം വന്നതിപ്പോഴാനു ,പരാതിക്കാരും പ്രതികളും മധ്യസ്തരും എല്ലാം ഉപേക്ഷിച്ച ഒരു കേസില്‍ എ.കെ ബാലന്റെ മകന് പങ്കുണ്ടെന്ന് പി സി വിഷ്ണുനാഥിനും തോന്നാന്‍ ബാലകൃഷ്ണപിള്ള ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജയിലില്‍ പോകുന്ന സവിശേഷമായ അവസരം ഉണ്ടാകേണ്ടി വന്നു . ഇത്രേം കാലം ഇതൊക്കെ മനസ്സില്‍ ഒളിപ്പിച്ചു നടക്കാന്‍ മാത്രം എന്ത് കരാറാണ് ഇവരൊക്കെ തമ്മിലുണ്ടായിരുന്നത് .
എന്നെ പറഞ്ഞാല്‍ ഞാനും പറയും, ആരും ഒന്നും പറഞ്ഞില്ലെങ്കില്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല , മൌനം വിദ്വാനു  ഭൂഷണം  എന്നാ തരത്തിലാണ് കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത് എന്ന് തോന്നുന്നു. 
പിന്നെ ഇത് നല്‍കുന്ന ഒരു ദു സൂചന എന്തെന്നാല്‍ മനസ്സറിഞ്ഞു ആരെങ്കിലും ഒരാരോപണം ഇനി ഉന്നയിക്കാനുള്ള സാധ്യത ഇല്ല എന്നുള്ളതാന് .ടി വി സ്ക്രീനിലേക്ക് ചാടി വീഴാറുള്ള കോണ്ഗ്രസ് നേതാക്കളില്‍ വി.ഡി സതീശനോഴികെ മറ്റാരെയും അങ്ങനെ ഇപ്പോള്‍ കാണുന്നില്ല .രാത്രി വാര്‍ത്തകളില്‍ എല്ലാ ചാനലിലും നിറഞ്ഞു നില്‍ക്കുന്നത് ഒരേ ഒരു വി ഡി സതീശന്‍ മാത്രം .   
സ്വിസ് ബാങ്കിലെ ലിസ്റ്റ് എപ്പോ വരുമെന്നും വിക്കി ലീക്സോ അതുപോലെ മറ്റു വല്ല പ്രാന്തന്‍മാരോ എപ്പൊ പണിതരുമെന്നറിയാതെ ഉള്ളുരുകി കഴിയുന്നതിനിടെക്ക് ആരോട് എന്ത് ശത്രുത .സാഹോദര്യം ,ഐക്യമത്യം മഹാബലം.അപ്പോഴാണ്‌ ഈ വി എസ് ഓരോ  എടാ കൂടവുമായി വരുന്നത് എന്നാ പിന്നെ അങ്ങേരെ കൂടെ നമ്മുടെ ഗ്യാങ്ങില്‍ ചേര്‍ത്തേക്കാം എന്ന് ചിലരെങ്കിലും വിചാരിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.   സൂപ്പര്‍ മാര്‍ക്കറ്റിലും ഹോട്ടലിലും കയറി തമ്മില്‍ തല്ലുകയും പാതിരാക്കും നാട്ടുച്ച്ചക്കുമൊക്കെ നടുറോട്ടിലും വീട്ടിലും കയറി വടിവാളുകൊണ്ട് പരസ്പരം വെട്ടുന്ന അണികളിലല്ലാതെ കറ
 കളഞ്ഞ ഒരു ശത്രുതാ മനോഭാവം നമ്മുടെ നേതാക്കള്‍ക്കിടയില്‍ വളര്‍ന്നു വരട്ടെ മിനിമം പരസ്പരം കല്ലെറിയാനുള്ള ഒരു യോഗ്യതയെങ്കിലും അവര്‍ നേടട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു

Tuesday, October 19, 2010

ചില തിരഞ്ഞ" അടുപ്പ് " വാര്‍ത്തകള്‍.

അപ്പുണ്ണിഏട്ടന്‍  പാടത്ത് വാഴയ്ക്ക് വെള്ളം നനച്ചു തിരിച്ചു വന്നപ്പോള്‍ പുറത്ത് പരിചയമില്ലാത്ത ചില ചെരിപ്പുകള്‍ , 50  കഴിഞ്ഞ ഭാര്യെ സംശയിക്കേണ്ട കാര്യമില്ല പോരാത്തതിനെ ഒന്ന് രണ്ടു ജോഡി ലേഡീസ് ചെരിപ്പുമുണ്ട്,അകത്തു നിന്ന് അധികം ഒച്ചയും അനക്കവും കേള്‍ക്കാനുമില്ല 
 എന്നാലും നമ്മളറിയാതെ ഇവള്‍ക്കെന്ത് ഇടപാട് എന്നാലോചിച്ച്ച്ചുകൊണ്ടിരിക്കുംബോഴാണ് അടുക്കളയില്‍ ആള്പ്പെരുമാറ്റം കേട്ടത്  കയറി നോക്കുമ്പോ പരിചയമില്ലെങ്കിലും എവിടെയോ കണ്ട ഒരു പെണ്‍ മുഖം,  ഒരു പത്ത് മുപ്പത്തിയഞ്ചു  വയസു പ്രായം കാണും അടുപ്പില്‍ തീ കത്തിച്ചു കൊണ്ടിരിക്കുകയാണ് , എന്താനിവളുടെ പരിപാടി വയസ്സ് കാലത്ത് വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുമോ, സല്‍മാന്‍ റുഷ്ദിയെപ്പോലെ
ഒക്കെ ആയാമതിയായിരുന്നു എന്ന് കഴിഞ്ഞ ആഴ്ചവെറുതെ ചിന്തിച്ചതെ ഉണ്ടായിറണ്നൊളളൂ അതിപ്പോ ..ദൈവമേ
ലെവളാര്... എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് അവള്‍ പറയുന്നു " ചേച്ചി വെള്ളം എടുക്കാന്‍ പോയതാണ് ഇപ്പൊ വരും " 
ആഹാ എങ്കില്‍ വെള്ളം എടുക്കാന്‍ പോയ ആ ചേച്ചിയെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വിചാരിച്ചു ഉമ്മറത്ത് ചെന്ന് കിണറ്റിന്‍ കരയിലേക്ക് ഏന്തി വലിഞ്ഞു നോക്കിയ അപ്പുണ്ണിഏട്ടന്‍   കണ്ട സീന്‍ ഇങ്ങനെയാണ്  ഒരാള്‍ വെള്ളം കുടത്തിലേക്ക് ഒഴിച്ചു കൊടുക്കുന്നു  മറ്റു രണ്ടുപേര്‍ കുടം പിടിച്ചു കൊടുക്കുന്നു  തൊട്ടടുത്ത്‌ ഊരയ്ക്ക്‌ കൈയും കൊടുത്തു ദെ നില്‍ക്കുന്നു തന്റെ പ്രിയതമ...കണ്ടോ മനുഷ്യ കരണ്ടില്ലാത്തപ്പോ കിണറ്റിന്നു വെള്ളം കൊണ്ട് വരാന്‍  നിങ്ങളെകൊണ്ട് പട്ടില്ലെന്കിലെ നാട്ടില് വേറെ ആള്‍ക്കാരുണ്ട് എന്നഭാവം അവളുടെ മുഖത്ത് ,എടി പുല്ലേ ഇതൊക്കെ അവിശ്വാസ പ്രമേയം വന്നില്ലെങ്കില്‍
അഞ്ചു  കൊല്ലം കൂടുമ്പോഴുള്ള ഒരു പ്രതിഭാസം മാത്രമാണെന്ന് നീ മനസ്സിലാക്കിക്കോ എന്ന ഭാവത്തില്‍  അപ്പുണ്ണിഏട്ടനും നിന്നു.
ഇനിയുള്ള കഥ പറയുന്നതിന് അല്പം വിഷമമുണ്ട്  എങ്കിലും പറയാതിരിക്കാനാവില്ല ,അപ്പുണ്ണി ഏട്ടന്റെ കഥ കേട്ട് അധികം കഴിയും മുന്‍പാണ് നാട്ടിലെ ഒരാള്‍ മരണപ്പെട്ടതായി അറിഞ്ഞത് ,പാവപ്പെട്ട ഒരു മനുഷ്യനാണ് വലിയ ഒച്ചപ്പാടുകളില്ലാതെ ശാന്തമായ ഒരു ജീവിതം നയിച്ച ഒരു സാധാരണക്കാരന്‍
അധികം ആളുകളൊന്നും കൂടാനിടയില്ല അതിനു മാത്രം ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല ,പക്ഷെ അവിടെ കാഴ്ച്ചകള്‍ വ്യത്യസ്തമായിരുന്നു നിറയെ കാറുകള്‍ നിറയെ ആളുകള്‍ പോസ്ററുകളില്‍  കണ്ട ചില മുഖങ്ങള്‍ , വനിതാ മുഖങ്ങളെ 
കണ്ടപ്പോഴാണ് കൂടുതല്‍ കഷ്ടം തോന്നിയത് ഭൂമി കുലുക്കമുണ്ടായാല്‍ പോലും പുറത്തിറങ്ങി നോക്കാതെ ടൈപ്പ് ആളുകളാണ് . ഇത്തിരി പോന്ന മുറ്റത്ത്‌
കിടത്തിയിരിക്കുന്ന ബോഡി കാണാന്‍ അടുക്കാന്‍ പറ്റാത്ത അത്ര തിരക്ക് ,ഒരു വിധത്തില്‍ ബോഡിയുടെ  അടുത്തെത്തിയപ്പോഴുണ്ട്  ഈ ബോഡിയുടെ ആള്‍ 
നമ്മളാണെന്നു പറഞ്ഞു  നേതാക്കാന്‍മാര്‍ നിറഞ്ഞു നില്‍ക്കുന്നു , ഈ മനുഷ്യന്‍  കഴിഞ്ഞ ദിവസം രത്രിയീല് വരെ ഒരു പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റ്‌ ഒട്ടിക്കാന്‍ പോയിരുന്നത് കൊണ്ട് ഒന്നിലേറെ  പാര്‍ട്ടിക്കാര്‍ ഈ ഐറ്റത്തില്‍ മത്സരിക്കാനുണ്ടായിരുന്നില്ല .
ഇടയ്ക്കിടയ്ക്ക്   തിരഞ്ഞെടുപ്പുകള്‍ വരട്ടെ , ജീവിതത്തിനു നാടകമാകാന്‍ പറ്റുമെങ്കില്‍ ചിലപ്പോള്‍ നാടകങ്ങള്‍ക്ക് ജീവിതമാകാനും പറ്റിയേക്കും .

Tuesday, October 5, 2010

പോളിംഗ് ബൂത്തില്‍ പോകുമ്പോള്‍ .

അണ്ടിയോട്‌ അടുക്കുമ്പോഴാണല്ലോ പലതും നമ്മള്‍ മനസ്സിലാക്കുക ,തിരഞ്ഞടുപ്പ് എന്നാ അണ്ടി അടുത്തപ്പോഴാണ് ചില കാര്യങ്ങള്‍ ഞാനും ശ്രദ്ധിച്ചത്  എനിക്ക് വോട്ടു ചെയ്യേണ്ട പോളിംഗ് ബൂത്ത് എന്റെ പഞ്ചായത്തിലെ തികച്ചും അജ്ഞാതമായൊരു സ്ഥലത്താകുന്നു , ഒരു വിധം തരക്കേടില്ലാതെ ഊര് തെണ്ടി നടന്നിട്ടുണ്ടെങ്കിലും ഈ പറയുന്ന പോളിംഗ് ബൂത്ത് ഇരിക്കുന്ന സ്ഥലത്തേക്ക് ഇന്നേവരെ  തൃപാദങ്ങള്‍ കുത്തെണ്ടി വന്നീട്ടില്ല,കേരളം വെറുമൊരു പാവക്കാപോലത്തെ സ്ഥലമല്ലെന്നും നിങ്ങളുടെ തൊട്ടടുത്ത്‌ തന്നെ ഇനിയും കാണാന്‍ ഒട്ടേറെ സ്ഥലങ്ങളുന്ടെന്നും എന്റെ നാട്ടുകാരെ ഇങ്ങനെ ബോധ്യപ്പെടുത്തിയതിന്റെ  ക്രെഡിറ്റ് മനോഹരമായ ചിത്രപ്പണികളിലൂടെ തികച്ചും കലാപരമായി വാര്‍ഡു വിഭജനം നടത്തിയ കലാകാരന്‍മാര്‍ക്കാണ്.തോട് ,കുളം ,തെങ്ങ് ,മതില് ,കക്കൂസ് ഇത്യാതി സാധനങ്ങളെ അതിര്‍ത്തി രേഖകളായി പ്രഖ്യാപിച്ചു കൊണ്ട് വെണ്ടയ്ക്ക ,തക്കാളി ,വഴുതനങ,ജിലേബി ,ഞണ്ട് ,തുടങ്ങിയ ഷെയ്പ്പുകളിലാണ് വാര്‍ഡു വിഭജനം നടത്തിയിരിക്കുന്നത്. എന്റെ വീട് ആറാം വാര്‍ഡില്‍ ആണെങ്കില്‍ റോഡിനു തൊട്ടപ്പുറത്തെ വീട് പതിനാറാം വാര്‍ഡിലാണ്.ഇതിനിടയിലൂടെ ഇരുപത്തി ഒന്നാം വാര്‍ഡു ഒളിഞ്ഞു നോക്കുന്നുണ്ട് .എന്തായാലും കുറെ ആളുക്കള്‍ തിരഞ്ഞെടുപ്പ് ദിവസം അങ്ങോട്ടും ഇങ്ങോട്ടും നടന്നു മൊത്തത്തില്‍ ഒരു ഓളമുണ്ടാകാന്‍ ഇത് സഹായിക്കും.പിന്നെ വാര്‍ഡു മാറി വോട്ടുചെയ്തിട്ടു കള്ള വോട്ടു ചെയ്യാന്‍ നോക്കി എന്ന് പറയരുത് എന്ന് മാത്രം.

Friday, October 1, 2010

കോഴിക്കോട് ടൌണ്‍ ഹാള്‍ .

എന്തെങ്കിലും പ്രോഗ്രാം കാണുകയാണെങ്കില്‍ മോനെ അത് ടൌണ്‍ ഹാള്ളീന്നു കാണണം ആ ഒരു സുഖം ലോകത്തെവിടെയും കിട്ടൂല ,ഇതിനു മുന്‍പും ചന്തു ടൌണ്‍ ഹാള്ളില്‍ പോയിട്ടുണ്ട് പക്ഷെ അന്നൊക്കെ പരമാവധി പത്തിരുപതു മുപ്പതു ആളുകളൊക്കെയെ അവിടെ ഉണ്ടായിരുന്നിട്ടുണ്ടായിരുന്നോളളു..ഇത്തവണ കോഴിക്കോടന്‍ നാടകൊത്സവമാണ് സകല നാട്ടുകാരും നാടക പ്രാന്ത് മൂത്ത് ടൌണ്‍ ഹാള്ളില്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ് രണ്ടാഴ്ച്ച ഷേവ് ചെയ്യാതെ കാത്തു സൂക്ഷിച്ച ഞാന്‍ താടി എന്ന് വിളിക്കുന്ന ( ചില അസൂയക്കാര്‍ക്ക് ഇപ്പോഴും എന്റെ താടി നോക്കി അങ്ങനെ പറയാന്‍ പറ്റുന്നില്ലത്രേ ) സാധനം തടവിക്കൊണ്ട് ഹാള്ളിന്റെ മധ്യ ഭാഗത്ത് സീറ്റ് പിടിച്ചു .ഈ നാടകമൊക്കെ ഞാന്‍ കുറെ കണ്ടതാ പിന്നെ ഇവന്‍മാരിത് കുളമാക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ വന്നതാണ് എന്ന മട്ടില്‍ കുറച്ചു നേരമിരുന്നു..അല്പം കഴിഞ്ഞു നാടകം തുടങ്ങിയപ്പോഴാണ് വിധിയുടെ ക്രൂരത ഞാന്‍ മനസ്സിലാക്കിയത് , എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല , കാഴ്ചക്കുറവല്ല ഉയരക്കുറവാണ് വില്ലന്‍ . അഭിനേതാക്കളുടെ അരക്ക് മുകളില്‍ലുള്ള ഭാഗം മാത്രമേ കാണുന്നുള്ളൂ , വല്ല വിനയനും സംവിധാനം ചെയ്ത അത്ഭുതദ്വീപ്‌ പോലത്തെ നാടകമെങ്ങാനുമാണെങ്കില്‍ തീര്‍ന്നേനെ ..ആ പറഞ്ഞിട്ട് കാര്യമില്ല അച്ചന്റെയും  അമ്മയുടെയും  ഉയരം വച്ചു നോക്കുമ്പോള്‍  എന്റെ ഈ 154*  സെ.മി ഉയരം ഒരു വലിയ ഭാഗ്യമായിട്ടു കാണാനേ നിര്‍വാഹമൊളളു . 

കുറച്ച്ചുകൂടി കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി ,പ്രശ്നം എന്റേതല്ല ,എന്റെ പൂര്‍വ്വികരുടെതുമല്ല ,പെരുച്ച്ചാഴികളുടെതാണ് -നന്നായിട്ട് തുരക്കാനറിയാവുന്ന പെരുച്ചാഴികളുടെ, മുപ്പതു ലക്ഷത്തിനു ടൌണ്‍ ഹാള്‍ പെയ്ന്റ് അടിച്ചു മോഡി പിടിപ്പിച്ച തുരപ്പന്‍മാരാണ് എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു ഏന്തിവലിഞ്ഞു നോക്ക്ന്നവരുടെ കഴുത്ത് ഉളുക്കുകയാനെങ്കില്‍ അതിനു കാരണക്കാര്‍ . ടൌണ്‍ ഹാളില്‍ ഇടയ്ക്കിടയ്ക്ക് പ്രോഗ്രാമുകള്‍ ഉണ്ടാകുമെന്നും അതിനു സ്റ്റേജില്‍ ആള് കയറുമെന്നും അത് കാണാന്‍ നെറ്റിക്ക് താഴെ മൂക്കിനു ഇരുവശമായി കണ്ണ് എന്ന് പറയുന്ന  സാധനമുള്ള മനുഷ്യന്‍ എന്ന് പറയുന്ന ജീവികള്‍ കൂട്ടത്തോടെ എത്തുമെന്നും അറിയാത്ത ഏതെങ്കിലും പിണ്ണാക്ക് തിന്നുന്ന ആളായിരിക്കും ഈ ജോലി എടുത്തതെന്നും എടുപ്പിച്ച്ചതെന്നും വിശ്വസിച്ചുകൊണ്ട് അതിനു പിന്നില്‍ 'പ്രവര്‍ത്തിച്ച ' എല്ലാവര്‍ക്കും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.